Breaking :

ഇരുനിലംകോട് ഗുഹാ ക്ഷേത്രം

കേരളത്തില്‍ അപൂര്‍വ്വമായുള്ള ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ഇരുനിലം‌കോട് ഗുഹാക്ഷേത്രം.

തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തിലാണ് ഈ അപൂര്‍വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂവായ വിഗ്രഹമാണ് ഇവിടെയുള്ളത്.

ഒരു വട്ടം പോയാൽ എന്തായാലും വീണ്ടും പോകുവാൻ തോന്നിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണ് ഇരുനിലംകോട് ഗുഹാക്ഷേത്രം..

അനീഷ് ഡോക്ടറാണ് ഇത്തരത്തിൽ ഒരു ക്ഷേത്രത്തിനെ കുറിച്ച് ആദ്യം പറയുന്നത്.. അങ്ങനെ അവിചാരിതമായി ഒരു ദിവസം അവിടെ ചെന്നിരുന്നു.. മഴ തുടങ്ങിയ സമയത്താണ് ആദ്യം എത്തുന്നത്…

നല്ല മഴ ആയതിനാൽ മുനിയറ സ്ഥിതി ചെയ്യുന്ന പാറയുടെ മുകളിലുള്ള ക്ഷേത്രസന്ദർശനം സാധ്യമായില്ല.. കാലം കഴിഞ്ഞ ദിവസം വീണ്ടും അവിടെ എത്തിച്ചു….

വിശാലമായ പാറയുടെ ചെരുവില്‍ രൂപപ്പെട്ടുവരുന്ന വിഗ്രഹമാണ് ഈ ക്ഷേത്രത്തിലേത്. ശയനരൂപത്തിലുള്ള ആള്‍‌രൂപമായാണ് വിഗ്രഹം വളരുന്നത്. ദക്ഷിണായനത്തിലേക്ക് ദേവന്‍ ശയിക്കുന്നു എന്നാണ് സങ്കല്‍‌പം. ത്രിമൂര്‍ത്തി സാന്നിധ്യമാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും ശിവനാണ് പ്രാധാന്യം

സുബ്രഹ്മണ്യന്‍, ഗണപതി, ഭഗവതി;അയ്യപ്പൻ എന്നീ ഉപദേവതകളുമുണ്ട്. സര്‍വ്വമതസ്ഥര്‍ക്കും പ്രവേശനമുള്ള ക്ഷേത്രമാണ് ഇരുനിലം‌കോട് ക്ഷേത്രം. മത്സ്യമാംസാദികള്‍ ഒഴികെ എന്തും ഈ ക്ഷേത്രത്തില്‍ നേദിക്കാം. ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി ഈ പ്രദേശത്തുണ്ടാകുന്ന എന്തും ഇരുനിലംകോട് ക്ഷേത്രത്തില്‍ നേദിക്കണമെന്ന വിശ്വാസവുമുണ്ട്.

പഴയകാലത്ത് ഇവിടെ പൂജാരിയുണ്ടായിരുന്നില്ല. ആളുകള്‍ നേരിട്ട് നേദിക്കുകയായിരുന്നു പതിവ്. വയറുവേദനയുണ്ടായാല്‍ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേള്‍, പഴുതാര എന്നിവ നിര്‍മ്മിച്ച് ഇവിടെ സമര്‍പ്പിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം.
പപ്പടം ഒരു പ്രധാന വഴിപാടാണ് ഇവിടെ….

ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുഹയുടെ മുകളിലുള്ള പാറയില്‍ കരിങ്കലുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഏഴു  മുനിയറകളില്‍ ഒരെണ്ണം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നൊള്ളു

ദിവസവും അന്നദാനം കൂടിയുള്ള ക്ഷേത്രം കൂടിയാണിത്.. രാവിലെ പ്രാതൽ ഉച്ചക്ക് ഊണും ഇവിടെയുണ്ട്..

ആദ്യമായി പോയ ദിവസം വിഭവസമൃദ്ധമായ സദ്യയും കഴിക്കാനുള്ള ഭാഗ്യം ലഭിച്ചു 3 കൂട്ടം പായസം അടക്കം ഒരു ഒന്നൊന്നര സദ്യ…..

നിത്യവും അന്നദാനം കൊടുക്കാനുള്ള ഒരു മനസ്സ്‌ കാണാതെ പോകരുത്.. അന്നദാനം മഹാദാനം എന്ന ആർഷ ഭാരത സംസ്കാരം നമ്മളെ ഓർമ്മപ്പെടുത്തുന്നു …

തുലാമാസത്തിലെ വെളുത്ത ഷഷ്ഠിക്കാണ് ഉത്സവം. പത്തു ദേശങ്ങളില്‍ നിന്നുള്ള് കാവടികള്‍ ഉത്സവത്തില്‍ പങ്കെടുക്കും.

ക്ഷേത്രത്തിലേക്കുള്ള വഴി:

വടക്കാഞ്ചേരിയില്‍ നിന്ന് ഷൊര്‍ണ്ണൂരിലേക്കുള്ള വഴിയില്‍ മുള്ളൂര്‍ക്കര നിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറിയാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്…

ഒരു വട്ടമെങ്കിലും പോയാൽ അതൊരു വ്യത്യസ്ത അനുഭവം തന്നെയാകും.

– ശ്രീകാന്ത് @ രുദ്രൻ

Create Account



Log In Your Account



%d bloggers like this: