പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

റിക്ഷ ചവിട്ടിയ അയാൾ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു: “നിങ്ങൾക്ക് സ്ത്രീകളെ കിട്ടണമെന്ന് അത്ര നിർബന്ധമാണോ സാബ്?”
…..ഞാൻ ആവേശത്തോടെ പറഞ്ഞു:
“അതെ, കിട്ടിയാൽ നന്നായിരുന്നു.”
“എങ്കിൽ നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ. എന്റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം. 200 രൂപ തന്നാൽ മതി.”

-വിശുദ്ധ പാപങ്ങളുടെ ഇന്ത്യ

വായിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പുസ്തകം ഉണ്ടാക്കിയ ആഘാതം ഉള്ള് വിറപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് പിന്നിട്ടിട്ടും, രാജ്യപുരോഗതി ബഹിരാകാശം കടന്നു പോയിട്ടും, ഇങ്ങനെയും കുറെ ജീവിതങ്ങൾ ഈ മണ്ണിൽ ഇപ്പോഴും ഉണ്ടല്ലോ എന്നോർത്ത്. വിശ്വാസത്തിന്റെ പേര് പറഞ്ഞ്, അറിവില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത്, മനുഷ്യൻ എന്ന വിലപോലും ഇല്ലാതെ ചൂഷണം ചെയ്യപ്പെടുന്ന ഒരുപാട് പെൺജീവിതങ്ങൾ…..

1982 ൽ നിയമം മൂലം നിരോധിച്ചെങ്കിലും കർണ്ണാടക ഗ്രാമങ്ങളിൽ ഇപ്പോഴും തുടരുന്ന ദേവദാസി സമ്പ്രദായത്തെ കുറിച്ചന്വേഷിക്കാനിറങ്ങിയ അരുൺ എഴുത്തച്ഛൻ എന്ന പത്ര പ്രവർത്തകൻ, ഇതിന്റെ തുടർച്ചയായി കർണാടകക്ക് പുറമെ ആന്ധ്രയിലും യു പിയിലും ബംഗാളിലും മഹാരാഷ്ട്രയിലും ഒറീസയിലും ഒക്കെയായി നടത്തിയ അന്വേഷണങ്ങളിൽ കണ്ടുമുട്ടിയ ഒരുപാട് മനുഷ്യരും അനുഭവങ്ങളുമാണ് ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകം.

വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെട്ട്, വേശ്യാവൃത്തിയിൽ എത്തിപ്പെട്ട സ്ത്രീകൾ. പെണ്ണുടലുകളുടെ വില്പനചന്തയായി മാറിയ നമ്മുടെ മഹാ നഗരങ്ങൾ. വിശപ്പിനും ദാരിദ്ര്യത്തിനും അപ്പുറം ഒന്നുമില്ല എന്ന പരമസത്യം…

പെണ്മക്കളെ വിവാഹം കഴിച്ചയക്കാനുള്ള ശേഷി പോയിട്ട് രണ്ടു നേരം ഭക്ഷണം കൊടുക്കാൻ പോലും ഗതിയില്ലാത്ത മാതാപിതാക്കൾ, ഋതുമതിയാവുന്നതോടെ അവളെ ആചാര പ്രകാരം അണിയിച്ചൊരുക്കി ‘ഉച്ചംഗിദേവി’യുടെ ക്ഷേത്രത്തിൽ ദേവദാസിയായി അർപ്പിച്ചു തിരിച്ചുപോരുന്നു. അവിടെ എന്താണ് സംഭവിക്കുക എന്നറിയാമെങ്കിലും മോൾക്ക് വിശപ്പടക്കാൻ ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്നതും, ഒരാളെ കൂടി പോറ്റേണ്ടല്ലോ എന്നുമുള്ള ആശ്വാസം.

ദേവദാസി എന്നാണ് പേരെങ്കിലും അന്ന് മുതൽ ആ ബാലിക നാട്ടു പ്രമാണിമാരുടെ വെപ്പാട്ടിയാണ്. ഒരാൾക്ക് മടുത്ത് ഒഴിവാക്കിയാൽ മറ്റൊരാൾ. ആർക്കും വേണ്ടാതാകുമ്പോൾ തെരുവുവേശ്യ……. ജീവിക്കണമല്ലോ. മക്കളെ ദേവദാസിയാക്കാൻ മടിക്കുന്ന രക്ഷിതാക്കളെ വിശ്വാസത്തിന്റെയും ദൈവീകശിക്ഷയുടെയും പേര് പറഞ്ഞ്, നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും നാട്ടു മുഖ്യരും പുരോഹിതരും… ഇതിനെയൊക്കെ പിന്തുണക്കാൻ രാഷ്ട്രീയക്കാരും വിദ്യാസമ്പന്നരും…

ആന്ധ്രയിലെ ‘കലാവന്തലുകൾ’ എന്ന ഭോഗസമൂഹത്തിന്റെ കഥയും വ്യത്യസ്തമല്ല. ആട്ടവും പാട്ടുമായി ക്ഷേത്രങ്ങളോടനുബന്ധിച്ച് ദേവദാസികളായി നൂറ്റാണ്ടുകളോളം സമ്പന്നരെയും പ്രമാണിമാരെയും സുഖിപ്പിച്ചു ജീവിച്ച ‘കാമകല’യിലെ റാണിമാരുടെ പിന്മുറക്കാർക്കും ഇന്ന് വേശ്യാവൃത്തിയാണ് ജീവിതമാർഗം.

പുരി ജഗന്നാഥനെ പാടിയും നൃത്തം ചെയ്തും ഉറക്കിയ ദേവദാസിയായിരുന്ന വൃദ്ധയായ സിരിമണി തന്റെ ജന്മഭാഗ്യമായാണ് ദേവദാസി പട്ടത്തെ കാണുന്നത്. അവിടെ ഉയർന്ന ജാതിക്കാർ മാത്രം ദേവദാസികളായത് കൊണ്ടാവാം, ലൈംഗീക ചൂഷണം നടക്കുന്നില്ല.

ഉത്തർപ്രദേശിലെ ബൃന്ദാവൻ വിധവകളുടെ ലോകമാണ്. ഭർത്താവ് മരിക്കുന്നതോടെ മക്കൾക്ക് പോലും വേണ്ടാതാകുന്ന, അപശകുനമായി മുദ്രകുത്തപ്പെടുന്ന സ്ത്രീകൾ ഗതികേടിനൊടുവിൽ അഭയം തേടി എത്തുന്നത് ബൃന്ദാവനിലെ രാധയായി മാറാനാണ്. ശ്രീകൃഷ്ണനെ ഭജിച്ച് ശിഷ്ടകാലം ഭക്തിയോടെ ആർക്കും ശല്യമാവാതെ കഴിയാൻ എത്തുന്ന ഇവരെ വിശ്വാസത്തിന്റെ പേരിൽ ആദ്യമേ ചൂഷണം ചെയ്യുന്നത് പുരോഹിതന്മാരാണ്.

ആരോഗ്യമുള്ള കാലത്ത് ശരീരം വിറ്റും ആർക്കും വേണ്ടാതാകുമ്പോൾ ആളുകൾക്ക് മുന്നിൽ കൈ നീട്ടിയും ജീവിക്കേണ്ടി വരുന്ന ഇവർക്ക് സർക്കാർ വക താമസ സൗകര്യവും ഭക്ഷണവും ഒക്കെ ഉണ്ടെങ്കിലും മരണശേഷം ദഹിപ്പിക്കാൻ സർക്കാർ നൽകുന്ന 3000 രൂപ വെട്ടിക്കാൻ വേണ്ടി മൃതദേഹം ചാക്കിൽ കെട്ടി ഗംഗയിൽ ഒഴുക്കുന്ന അവസ്‌ഥ പോലുമുണ്ടെങ്കിൽ എത്രത്തോളം മനഃസാക്ഷിയില്ലാത്ത ചൂഷണമാണ് നടക്കുന്നത് എന്ന് ചിന്തിക്കാനാവുമല്ലോ.

മുജ്റ നൃത്തം കൊണ്ട് രസിപ്പിക്കുന്ന ഉജ്ജയിനിയുടെ അവസ്‌ഥയും വ്യത്യസ്തമല്ല.

ശാപം കിട്ടിയ ജന്മങ്ങൾ ആണത്രേ വിധവകൾ! സതി നിർത്തലാക്കിയതോടെ വീട്ടുകാർക്ക് ഇവർ ഭാരമായി. മംഗളകർമ്മങ്ങളിലേക്ക് പോലും അടുപ്പിക്കാതെ കുറ്റവാളികളെ പോലെ അകറ്റി നിർത്തപ്പെട്ട ഇവർക്ക് രാത്രിയിരുട്ടിൽ പീഡിപ്പിക്കാൻ എത്തുന്ന ബന്ധുക്കളെയും ഭയക്കേണ്ടി വന്നു. ഇങ്ങനെ വീടുവിട്ടിറങ്ങേണ്ടി വന്ന് കൊൽക്കത്തയിലെ കാളിഘട്ടിൽ എത്തിച്ചേർന്ന വിധവകളിലൂടെയാണ് സോനാഗച്ചി എന്ന വേശ്യത്തെരുവിന്റെ ആരംഭം.

കാലങ്ങൾ കഴിഞ്ഞപ്പോൾ സോനാഗച്ചിയും മുംബൈയിലെ കാമാത്തിപുരയുമൊക്കെ ആണിനെ സന്തോഷിപ്പിക്കാനുള്ള പേരുകേട്ട ഇടങ്ങളായി മാറി. ഗതികേട് കൊണ്ട് മാതാപിതാക്കൾ തന്നെ വിൽക്കുന്നവരും, കാമുകന്മാരാൾ ചതിക്കപ്പെട്ടവരുമായി ഈ ചുവന്ന തെരുവുകളിലേക്ക് വലിച്ചെറിയപ്പട്ട പെണ്ണിന് സന്തോഷിക്കാൻ, തന്നെ കൈമാറിയപ്പോൾ വീട്ടുകാർക്ക് ജീവിതത്തിൽ ആദ്യമായി ഏതാനും വലിയ നോട്ടുകൾ കിട്ടിയപ്പോൾ അവരുടെ കണ്ണിൽ കണ്ട തിളക്കവും, മൂന്നു നേരം വിശപ്പടക്കാൻ ഭക്ഷണം കിട്ടുന്നല്ലോ എന്ന ആശ്വാസവും, ഇടക്ക് നാട്ടിലേക്ക് പണമയക്കാൻ കഴിയുന്നല്ലോ എന്ന സംതൃപ്തിയും മാത്രം.

സോനാഗച്ചിയിലെ പൂർണ്ണിമ പറഞ്ഞത് പോലെ “പുറംലോകം കാണാൻ പറ്റില്ല എന്നതൊക്കെ കൃത്യമായി ഭക്ഷണം കഴിച്ചു ജീവിക്കുന്നവരുടെ മാത്രം പ്രശ്നമാണ്. വിശപ്പ് അറിഞ്ഞവന് വിശപ്പ് മാറ്റാനുള്ള വഴികൾ തന്നെയാണ് മുഖ്യം”. കാളിയുടെ അനുഗ്രഹമുണ്ട് എന്ന വിശ്വാസത്തോടെ ഇതൊരു തൊഴിലായി സ്വീകരിച്ചവർ.

മാറി മാറി അനുഭവിക്കുന്ന ഓരോ പുരുഷനും ദേവദാസി ആയാലും ലൈംഗീക തൊഴിലാളി ആയാലും വെറുമൊരു ശരീരം മാത്രമാണെങ്കിലും, നിരന്തരമായി വഞ്ചിക്കപ്പെടുന്ന സ്നേഹത്തിന്റെയും തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെയും ആഘാതം അവളെ മാനസികമായി തകർക്കുകയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയാക്കി മാറ്റുകയും ചെയ്യുന്നു.
ആരോഗ്യം ക്ഷയിക്കുമ്പോൾ ആർക്കും വേണ്ടാതെ തെരുവ് മൂലകളിൽ മരിച്ചൊടുങ്ങാൻ വിധിക്കപ്പെട്ടവർ.

പുരോഗതിയിലേക്ക് കുതിക്കുന്നു എന്ന് നാം അവകാശപ്പെടുന്ന വർത്തമാന ഇന്ത്യയിൽ നിന്നുള്ള കാഴ്ചകളാണ് അരുൺ എഴുത്തച്ഛൻ ഈ പുസ്തകത്തിലൂടെ കാണിച്ചു തരുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന, അപമാനം കൊണ്ട് നമ്മുടെ ശിരസ്സ് കുനിഞ്ഞു പോകുന്ന കാഴ്ചകൾ.

പശുവിനെ അമ്മയായി കരുതുന്ന, രാഷ്ട്രത്തെ മാതാവ് എന്ന് ആദരവോടെ ചേർത്തു വിളിക്കുന്ന അതേ രാജ്യത്താണ്, പെണ്ണായി പിറന്നത് കൊണ്ട് മാത്രം ജീവിതമിങ്ങനെ നരകമായിപ്പോയ ഒരുപാട് മനുഷ്യജന്മങ്ങൾ…..

വിശ്വാസത്തിന്റെ പേരിലല്ലെങ്കിൽ മറ്റ് പല രീതിയിൽ ചതിച്ചും കെണിവെച്ചും പിടിച്ച പെണ്ണുടലുകളുടെ വില്പനചന്തകൾ നമ്മുടെ അയൽ രാജ്യങ്ങളടക്കമുള്ള ദരിദ്ര രാഷ്ട്രങ്ങളിൽ സജീവമാണ്.

ആ ഇറച്ചിക്കച്ചവടത്തിന്റെ പങ്കു പറ്റാനും അവരെ ഈ നരകത്തിലേക്ക് വലിച്ചെറിയാനും, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നാട്ടു പ്രമാണിമാരും പുരോഹിതരും അടക്കം ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏതെങ്കിലും മതത്തെയോ വിശ്വാസങ്ങളെയോ മാത്രം കുറ്റം ചർത്തുന്നത് മൗഢ്യമാണ്. പെണ്ണിനെ വെറും ഭോഗവസ്തുവായി കാണുന്ന ആണാധികാരത്തിന്റെ ലോകത്ത് മതവും രാഷ്ട്രീയവും ഒക്കെ അവർക്ക് അരുനിൽക്കുന്ന ഉപകരണങ്ങൾ മാത്രം.

ദാരിദ്ര്യവും അജ്ഞതയും കൊടികുത്തി വാഴുന്ന ഇടങ്ങളിലെ മനുഷ്യരെ ചൂഷണം ചെയ്യുന്നത് അറുതി വരുത്താൻ ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളും മനസാക്ഷിയുള്ള പൊതു സമൂഹവും ഇല്ലാതിരിക്കുന്നെടുത്തോളം കാലം ലോകത്തിൽ എവിടെയായാലും നമ്മുടെ പെങ്ങന്മാർ ഇങ്ങനെ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കും.

ഇങ്ങനെ വലിച്ചെറിയപ്പെടുന്ന ഓരോ പെണ്ണും നമ്മുടെ ആരുമല്ലായിരിക്കാം. പക്ഷെ നിറഞ്ഞ നിഷ്കളങ്കതയും കുസൃതിയുമായി നമ്മുടെ വീടകങ്ങളിൽ കളിച്ചു തിമർക്കുന്ന, നമ്മുടെ സ്വപ്നങ്ങളുടെ ഭാരവും തോളിൽ തൂക്കി രാവിലെ ഉമ്മ തന്ന് സ്‌കൂൾ ബസ്സിലേക്ക് ഓടിക്കയറുന്ന ഓരോ രാജകുമാരിമാരെ പോലെയും, ഏതോ ഗ്രാമങ്ങളിലെ കുഞ്ഞുവീടുകളിൽ
കളിയും ചിരിയും കണ്ണുകൾ നിറയെ നിഷ്കളങ്കതയുമായി കഴിഞ്ഞ ഇതുപോലുള്ള പെണ്മക്കൾ തന്നെയാണ് വൻ നഗരങ്ങളിലെ വേശ്യാത്തെരുവുകളിൽ ഉടുത്തൊരുങ്ങി ഇടപാടുകാരെ കത്തിരിക്കുന്നതെന്നും…. നിത്യവും ഒരുപാട് പുരുഷ ശരീരങ്ങളെ തൃപ്തിപ്പെടുത്തുന്നതെന്നും…….
__________________________

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ

അരുൺ എഴുത്തച്ഛൻ

Related Posts

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

കഥപറയും നിഴലുകൾ…

Comments Off on കഥപറയും നിഴലുകൾ…

മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

Comments Off on മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

Comments Off on കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

Comments Off on വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Create AccountLog In Your Account%d bloggers like this: