മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

🎶“കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കാടിൻ്റെയോമന മോളാണ്
ഞാവൽപ്പഴത്തിൻ്റെ ചേലാണ്
എള്ളിൻ കറുപ്പ് പുറത്താണ് ,
ഉള്ളിൻ്റെയുള്ള് തുടുത്താണ് 🎶

തൃശൂർ ആകാശവാണിയിൽ നിന്ന് ദിവസങ്ങൾക്കു മുൻപ് കേട്ട ഗാനം ഇപ്പോഴും ഉള്ളിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു. … കാരണം അത് എൻ്റെ മാഷിൻ്റെ പാട്ടാണ് … പ്രിയപ്പെട്ട മുല്ലനേഴി മാഷ് എഴുതിയ പാട്ട്. പാട്ടിനോടൊപ്പം മാഷും മനസ്സിലേക്കു വരുന്നു. കൂടെ ,പണ്ടെന്നോ പറഞ്ഞു കേട്ട, നടന്ന ഒരു സംഭവവും ….

‘കറു കറുത്തൊരു പെണ്ണാണ്’ എന്ന ഗാനം കേരളത്തിൽ ഹിറ്റായ, എഴുപതുകളുടെ അവസാന വർഷങ്ങൾ …ഒരു കലാലയത്തിലേക്ക് ,അതിഥിയായി മുല്ലനേഴി മാഷ് വന്നപ്പോൾ ,ഒരു പെൺകുട്ടി മാഷിനെ കാണാൻ വന്നു. ഒരു തേങ്ങലോടെ അവൾ പറഞ്ഞു ” മാഷേ ,കറുത്ത നിറം ആയതു കൊണ്ട് ഏറെ കളിയാക്കലുകൾ കേട്ടവൾ ആണ് ഞാൻ… ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ സമയത്താണ് ,മാഷിൻ്റെ കറുകറുത്തൊരു പെണ്ണാണ് എന്ന പാട്ട് കേൾക്കുന്നത്. അത് എന്നെ ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിച്ചു ,കറുത്ത നിറത്തിൽ അഭിമാനം ഉള്ള വൾ ആക്കി മാറ്റി. ” അതായിരുന്നു മഹാകവി വൈലോപ്പിള്ളിയുടെ പ്രിയ ശിഷ്യൻ്റെ അക്ഷരങ്ങളുടെ ശക്തി.

കുരിയച്ചിറ സെൻ്റ് പോൾസ് സ്കൂളിൽ നിന്ന് ,തൃശൂർ മോഡൽ ബോയ്സിലേക്കാണ് ഞാൻ അഞ്ചാം ക്ലാസ്സിലേക്ക് മാറിയത്. (സെൻ്റ് പോൾസിൽ അന്ന് ആൺകുട്ടികൾക്ക് നാലാം ക്ലാസ്സ് വരയേ ഉള്ളൂ). രണ്ടു നൂറ്റാണ്ടോളം പഴക്കമുള്ള, മൂവ്വായിരത്തോളം കുട്ടികൾ പഠിച്ചിരുന്ന തൃശൂർ മോഡൽ ബോയ്സ്, അറിയാത്ത അത്ഭുതങ്ങളുടെ ഒരു കടൽ തന്നെയായിരുന്നു. മോഡൽ ബോയ്സിലെ ‘സാഹിത്യ സമാജം’ പ്രവർത്തനങ്ങളുടെ നെടും തൂണ് മുല്ലനേഴി മാഷ് ആയിരുന്നു. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഒരിക്കൽ ക്ലാസ്സിലേക്ക്‌ ഒരു നോട്ടീസ് വന്നു. സ്കൂൾ വാർഷികത്തിൻ്റെ ഭാഗമായി കഥ ,കവിത ,ക്വിസ് ,ഉപന്യാസ മത്സരങ്ങൾ നടക്കുന്നു. താത്പര്യം ഉള്ളവർക്ക് പങ്കെടുക്കാം. ഞാനും രണ്ടു സുഹൃത്തുക്കളും രണ്ടാമത് ആലോചിക്കാതെ ഇറങ്ങിത്തിരിച്ചു .ഉച്ചയ്ക്ക് ഒന്നര തൊട്ട് മൂന്നര വരെയായിരുന്നു മത്സരങ്ങൾ …. രണ്ടു പിരീഡുകൾ പോയിക്കിട്ടും .. അതായിരുന്നു പ്രധാന ആകർഷണം .. പ്രത്യേകിച്ച് കണക്ക് പിരീഡ്… കഥയെങ്കിൽ കഥ ,കവിതയെങ്കിൽ കവിത. പക്ഷേ റിസൾട്ട് ഞെട്ടിച്ചു … യു.പി. വിഭാഗംകവിതാ രചനയ്ക്ക് ഒന്നാം സ്ഥാനവും ,കഥാരചനയ്ക്ക് രണ്ടാം സ്ഥാനവും എനിക്ക്. ഓ.എൻ വി.യുടെ ‘മൃഗയ’യും വൈലോപ്പിളളിയുടെ ‘മകരക്കൊയ്ത്തും ആയിരുന്നു ലഭിച്ച സമ്മാനങ്ങൾ . ഏറ്റവും അനുകരണീയമായ മാതൃക ആയിരുന്നു തൃശൂർ മോഡൽ ബോയ്സിലെ അദ്ധ്യാപകരുടെ .സാഹിത്യ മത്സരങ്ങൾക്ക് സമ്മാനം ആയി സർട്ടിഫിക്കറ്റിനൊപ്പം കൊടുത്തിരുന്നത് ,മികച്ച പുസ്തകങ്ങൾ ആയിരുന്നു. (അധികം സ്കൂളുകളിൽ ആ പ്രവണത കണ്ടിട്ടില്ല.) ഇരുപതു വർഷങ്ങൾക്കിപ്പുറവും ,അവിടുന്ന് ലഭിച്ച ധാരാളം പുസ്തകങ്ങൾ എൻ്റെ സ്വകാര്യ ലൈബ്രറിയ്ക്ക് മുതൽക്കൂട്ടാവുമ്പോൾ, അന്നത്തെ മോഡൽ ബോയ്സിലെ അദ്ധ്യാപകരുടെ ദീർഘദർശനത്തെ സ്മരിക്കാതെ വയ്യ.

“പ്രത്യൂഷേ ,നിന്നെ മുല്ലനേഴി മാഷ് വിളിക്കുന്നു. നീ സ്റ്റാഫ് റൂമിലേക്ക് ചെല്ല്.” അന്നത്തെ സാഹിത്യ സമാജം സെക്രട്ടറി എന്നോട് പറഞ്ഞപ്പോൾ ,ആദരവ് കലർന്ന ഒരു ഭയം ആണ് തോന്നിയത്. ഞാൻ മാഷിൻ്റെയടുത്തേക്ക് ചെന്നു. അക്കാലത്ത് തൃശൂരിൽ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ ഒരു പത്രത്തിൻ്റെ ( പുണ്യഭൂമി) സപ്ളിമെൻ്റിൽ സ്കൂളിൽ വച്ച് ഞാൻ എഴുതി സമ്മാനം ലഭിച്ച കവിത അച്ചടിച്ചു വന്നത് കാണിച്ചു തന്ന് എന്നെ അത്ഭുതപ്പെടുത്താനായിരുന്നു എന്നെ വിളിപ്പിച്ചത് .. ആദ്യമായി എൻ്റെ പേര് അച്ചടിച്ചു വന്നു കണ്ടപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്. ആ പത്രത്തിൻ്റെ കോപ്പി, ഇപ്പോഴും കൈയ്യിൽ ഉണ്ട്.

അക്കാലത്താണ് (1997),പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ,നാലു ദിവസത്തെ സാഹിത്യ രചനാ ശിൽപ്പശാല നടത്തപ്പെട്ടിരുന്നത്. തൃശൂർ ജില്ലയിലെ ഏതാണ്ട് മുഴുവൻ സ്കൂളുകളിൽൽ നിന്നും രണ്ടു പേർ വച്ച് ,നാലു ദിവസവും അവിടെ താമസിച്ച് പങ്കെടുക്കണം. മുല്ലനേഴി മാഷ് ,സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത രണ്ടു പേരിൽ ഒരാൾ ഞാനായിരുന്നു. ആദ്യമായി വീട്ടിൽ നിന്നും മാറി നിൽക്കുന്ന ഒരു ഏഴാം ക്ലാസ്സുകാരൻ്റെ എല്ലാ അങ്കലാപ്പുകളും ഉണ്ടായിരുന്നു എനിക്കന്ന്. ചുറ്റും നൂറിലധികം അപരിചിതർ ആയ കുട്ടികളും .ഒരു ആശ്രമത്തിൻ്റേതായ എല്ലാ ചിട്ടവട്ടങ്ങളും ഉള്ള സ്ഥലമാണ് പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം. അവിടെ നാലു ദിവസം ,ക്യാമ്പിനു വേണ്ടി താമസിക്കുന്ന ഞങ്ങൾക്കും അതേ ചിട്ട തന്നെ. പുലർച്ചെ എഴുന്നേറ്റുള്ള കുളി. സസ്യാഹാരം.. എല്ലാം ഹൃദ്യമായൊരനുഭവം. സുകുമാർ അഴീക്കോട് ,സിപ്പി പള്ളിപ്പുറം ,ഞരളത്ത് ഹരിഗോവിന്ദൻ തുടങ്ങി സാംസ്കാരിക രംഗത്തുള്ള ധാരാളം അവിടെ പേർ അവിടെ വച്ച്, ഞങ്ങളോട് സംവദിച്ചു. മുല്ലനേഴി മാഷ് ആയിരുന്നു അവിടത്തെ സർവ്വാധികാരങ്ങളും ഉള്ള സംഘാടകൻ. മാഷ് എഴുതിയ ‘ ഇതാണ് വിദ്യാരംഭം’ എന്ന കവിത ,മാഷിനോടൊപ്പം അവിടെ വച്ച് ഞങ്ങൾ ഈണത്തിൽ പാടി. അവിടെ വച്ച് ,ഒരു ദിവസം വൈകുന്നേരം ബസ്സിൽ പൂങ്കുന്നത്തുള്ള പ്രേംജി യുടെ വീട്ടിലേക്കുള്ള യാത്രയൊന്നും ജീവിതത്തിൽ മറക്കാനാവില്ല .ക്യാമ്പ് അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡയറിയെഴുത്തിൽ രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ മാഷ് അഭിനന്ദിച്ചു.

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ പത്തോളം വിദ്യാർത്ഥികൾ മുല്ലനേഴി മാഷിൻ്റെ കൂടെ നടത്തിയ കേരള കലാമണ്ഡലം/തുഞ്ചൻ പറമ്പ് / കിള്ളിക്കുറിശ്ശിമംഗലം യാത്ര എങ്ങനെ മറക്കാനാണ്. കുഞ്ചൻ നമ്പ്യാർ ജനിച്ച ,മൺ ചുമരും മച്ചുമുള്ള വീട് ഇന്നും മനസ്സിലുണ്ട്‌. അവിടെ ഒരിക്കൽ വന്ന മഹാകവി പി. കുഞ്ഞിരാമൻ നായർ കുറിച്ചിട്ട വരികൾ ,ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്നു

” തുലാവർഷക്കാറിനുള്ളിൽ മിന്നും പൊൻ നൂലു പോലവേ ,ഇറങ്ങി വന്ന സൗന്ദര്യ ദേവതേ ,കവിതേ തൊഴാം”

അവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും എല്ലാവർക്കും വിശന്നു പൊരിഞ്ഞിരിന്നു.അവിടെ കണ്ട ഏതോ പഴയ ,വലിയ വീട്ടിൽ മാഷോടൊപ്പം കയറി എല്ലാവരും കൂടി ,കൈയ്യിൽ കരുതിയിരുന്ന ഭക്ഷണം, ചമ്രം പടിഞ്ഞിരുന്ന് കഴിച്ചത് ആരും മറക്കാനിടയില്ല.

അക്കാലത്ത് തൃശൂർ മോഡൽ ബോയ്സിൻ്റെ മെയിൻ സ്റ്റാഫ് റൂം ഒരു സാഹിത്യ സദസ്സ് തന്നെയായിരുന്നു. മുല്ലനേഴി മാഷിനെ കാണാൻ വന്നിരുന്ന സുഹൃത്തുക്കളായ ശ്രീ സിവിക് ചന്ദ്രനേയും ശ്രീ രാവുണ്ണിയേയും മാഷ് എനിക്ക് അന്നു പരിചയപ്പെടുത്തിത്തരുമ്പോൾ അന്ന് അവരുടെ വലിപ്പം എനിക്ക് അറിയില്ലായിരുന്നു. കൈയ്യെഴുത്തു മാസികകളും ,എല്ലാ വർഷവും ഇറങ്ങുന്ന സ്കൂൾ സ്മരണികയുമെല്ലാം ഉയർന്ന നിലവാരം പുലർത്തിയിരുന്നു. ഞാൻ ഹൈസ്കൂളിലേക്കു കടന്നപ്പോൾ മുല്ലനേഴി മാഷ് എൻ്റെ മലയാളം അദ്ധ്യാപകനായി വന്നു. സ്വതവേ ചില ബഹളങ്ങൾ ഒക്കെ ഉണ്ടാവാറുള്ള ക്ലാസ്സിൽ പക്ഷേ ‘മുല്ലൻ മാഷ് ‘( അങ്ങനെയായിരുന്നു കുട്ടികൾ സ്നേഹപൂർവ്വം അദ്ദേഹത്തെ വിളിക്കാറുള്ളത് ,മാഷിനും അത് ഇഷ്ടമായിരുന്നു ) ക്ളാസ്സെടുക്കുമ്പോൾ സൂചി വീണാൽ കേൾക്കാവുന്ന ,പൂർണ്ണ നിശ്ശബ്ദതയായിരുന്നു. ഈണത്തിലും താളത്തിലും ക്ലാസ് എടുക്കുന്ന മാഷിൻ്റെ ക്ലാസ് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു.

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ,മുല്ലനേഴി മാഷിൻ്റെ കൂടെ ഞങ്ങൾ തൃശൂർ മോഡൽ ബോയ്സ് വിദ്യാർത്ഥികൾ ,തൃശൂർ ആകാശവാണിയിലെ ‘ബാലമണ്ഡലം’ പരിപാടി അവതരിപ്പിച്ചത്. പത്മരാജനടക്കം എത്രയോ മഹാരഥൻമാർ ജോലി ചെയ്ത ,രാമവർമ്മപുരത്തെ തൃശൂർ ആകാശവാണിയുടെ റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ അന്ന് ഞാൻ സ്വയം എഴുതിയ കവിത ചൊല്ലി. ആ പരിപാടി കേൾക്കാനാണ് അച്ഛൻ ,കേടായ പഴയ റേഡിയോയ്ക്കു പകരം, തൃശൂർ ജോസ് തിയ്യറ്ററിനടുത്ത ആൽഫാ ഇലക്ട്രോണിക്സിൽ നിന്ന് പുതിയ റേഡിയോ വാങ്ങിയത് .സാക്ഷരതാ പ്രസ്ഥാനം കേരളത്തിൽ കത്തിക്കയറിയ സമയത്ത് ,’സാക്ഷരതാ ഗീതങ്ങൾ ‘എന്ന ടൈറ്റിലിൽ മുല്ലനേഴി എഴുതിയ

“നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ ,
പേരെഴുതാം വായിക്കാം ,
ലോക വിവരം നേടാം “

എന്ന പാട്ട് കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ഏറ്റു പാടിയ കഥകൾ അച്ഛൻ പറഞ്ഞു തന്നു.

തൃശൂർ മോഡൽ ബോയ്സിൽത്തന്നെയാണ് ഞാൻ പ്ലസ് ടുവിന് ചേർന്നത്. ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് സത്യൻ അന്തിക്കാടിൻ്റെ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന സിനിമയ്ക്കു വേണ്ടി മുല്ലനേഴി മാഷ് പാട്ടുകൾ എഴുതിയത്. ജോൺസൺ മാഷിൻ്റെ സംഗീതത്തിൽ .അതിലെ പാട്ടുകളെല്ലാം മികച്ചവയായിരുന്നു.

‘കറുത്ത രാവിൻ്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്’ ,

‘അമ്മയും നന്മയും ഒന്നാണ്’
എന്നീ പാട്ടുകൾ ഹിറ്റുകൾ ആയിരുന്നു.

‘പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം’ (സൻമനസ്സുള്ളവർക്ക് സമാധാനം) എന്ന ഗാനത്തിനു ശേഷം സത്യൻ അന്തിക്കാടും മുല്ലനേഴി മാഷും ഒന്നിച്ച സന്തോഷവും ,’നരേന്ദ്രൻ മകൻ ജയകാന്തൻ വക’യിലെ ഗാനങ്ങൾ ചലച്ചിത്ര ഗാനാസ്വാദകർക്ക് തന്നു. ആ സിനിമയുടെ കാസറ്റിൽ ഉണ്ടായിരുന്ന ,
‘ആരാരുമറിയാതൊരോമന കൗതുകം ‘
എന്ന ഗാനം പക്ഷേ ,സിനിമയിൽ ഇല്ലായിരുന്നു. ഈ വിഷമം ഞാൻ മാഷുമായി പങ്കുവച്ചത് ഓർക്കുന്നു. ആ വർഷം തന്നെ ,മാഷ്, സാഹിത്യ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നതിനു വേണ്ടി ,സർവ്വീസ് കാലാവധി തീരുന്നതിന് കുറച്ചു സമയം മുൻപു തന്നെ ,വൊളണ്ടറി റിട്ടയർമെൻ്റ് എടുത്തിരുന്നു.

ചാലക്കുടിയിലെ പനമ്പിള്ളി സ്മാരക സർക്കാർ കോളേജിൽ ഡിഗ്രിക്കു ചേർന്ന കാര്യം ഫോണിലൂടെ മാഷോടു പറഞ്ഞപ്പോൾ ,പണ്ട് പ്രസംഗങ്ങൾക്കു വേണ്ടി ആ കോളേജിൽ ധാരാളം വന്നിട്ടുണ്ടെന്ന് മാഷ് പറഞ്ഞത് ഓർക്കുന്നു. ആയിടയ്ക്ക് നീലത്താമര ,സ്നേഹവീട്, സൂഫി പറഞ്ഞ കഥ തുടങ്ങിയ സിനിമകളിൽ മാഷ് അഭിനയിച്ചിരുന്നു. നീലത്താമരയിലെ റോളിലേക്ക് മുല്ലനേഴി മാഷിനെ നിർദ്ദേശിച്ചത്‌ സാക്ഷാൽ എം.ടി. വാസുദേവൻ നായർ ആയിരുന്നു. ഇന്ത്യൻ റുപ്പിയിലെ ‘ഈ പുഴയും സന്ധ്യകളും’ എന്ന പാട്ടും മാഷ് എഴുതിയതാണ്. 2010 ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും മുല്ലനേഴി മാഷിനായിരുന്നു.

ഡിഗ്രി പഠനം കഴിഞ്ഞ ഞാൻ തുടക്കത്തിൽ ജോലി ചെയ്തിരുന്നത് എറണാകുളത്ത് ആയിരുന്നു. തൃശൂരുമായുള്ള ബന്ധം കുറഞ്ഞു കുറഞ്ഞു വന്നു. മാഷുമായുള്ള സാഹിത്യ അക്കാദമിയിലെയും മറ്റുമുള്ള കൂടിക്കാഴ്ചകളും ഇല്ലാതെയായി.

വർഷങ്ങൾക്കു ശേഷം ,തൃശൂരിലേക്ക് ബസ്സിൽ പോകുമ്പോൾ സൈഡ് സീറ്റിൽ ഇരുന്ന ഞാൻ ,ഒല്ലൂർ ജംഗ്ഷനിൽ വച്ച് മാഷിനെ കണ്ടു. അപ്പോഴേക്കും ബസ്സ് മുന്നോട്ടെടുത്തിരുന്നു. മാഷും കണ്ടു കാണണം. ഒന്നും മിണ്ടാനാവാതെ ,അവസാനത്തെ കൂടിക്കാഴ്ച.കുറച്ചു നാളുകൾക്കു ശേഷം ഒരു ഫോൺ കോളിൻ്റെ രൂപത്തിൽ വന്നത് മാഷിൻ്റെ മരണവാർത്തയായിരുന്നു.

ഓർമ്മകൾ പുഴയോളങ്ങളെപ്പോലെയാണ് .. ചുഴികളിൽ ചുറ്റിത്തിരിഞ്ഞ് വെള്ളിയാങ്കല്ലുകളിൽ തട്ടി ,അഴിമുഖത്തു കൂടെ ഒഴുകി കടലിന്നഗാധതകളിലെവിടെയോ ചെന്ന് ആത്മാഹുതി ചെയ്യുന്ന പുഴയോളങ്ങളെപ്പോലെ .

മാഷ് എഴുതിയ വരികൾ , ഹൃദയത്തിലെവിടെയോ ഇരുന്ന് ഒരു റേഡിയോ , പുന:പ്രക്ഷേപണം ചെയ്യുകയാണ്….

🎶“പാണ്ട്യാലക്കടവും വിട്ട്
പാട്ടും കൂത്തും താളോമിട്ട്
പട കൂട്ടി പടിഞ്ഞാട്ട് പായും തോണികൾ
ഒന്നേ ഒന്നേ ഒന്നേ
ഒന്നേ തുഴ പായുന്നു
വന്നേ വന്നേ വന്നേ
വന്നേ പുഴ പാടുന്നു……….”🎶

പ്രത്യുഷ് മുരളി.

Related Posts

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

Comments Off on നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

Comments Off on മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

Comments Off on നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

ഇന്ദ്രൻസ് നായകനാകുന്നു

Comments Off on ഇന്ദ്രൻസ് നായകനാകുന്നു

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Comments Off on പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Create AccountLog In Your Account%d bloggers like this: