Breaking :

#അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

#അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ
ഇറങ്ങിയ സമയത്ത് അത്രയൊന്നും ചർച്ച ചെയ്യപ്പെടാതിരുന്ന, സാമ്പത്തികമായി വിജയിക്കാതിരുന്ന ഒരു പത്മരാജൻ ചിത്രമായിരുന്നു അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. പത്മരാജന്റെ തന്നെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം എടുത്തത്.ചെറുകഥയുടെ സത്ത വലിയൊരു കാൻവാസിന് അനുരൂപമായ രീതിയിൽ മാറ്റിയെഴുതിയിരിക്കുന്നു. എന്നാൽ കാലങ്ങൾക്കിപ്പുറം സിനിമ ആസ്വദിക്കപ്പെടുന്നു; സിനിമയിലെ പ്രതിപാദ്യ വിഷയങ്ങളുടെ കാലിക പ്രസക്തി ചർച്ച ചെയ്യപ്പെടുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളിലൂടെയും ഒരു പുനർവായന സാധ്യമാകുന്നുവെന്നതാണ് എന്റെ അഭിപ്രായത്തിൽ ഇന്നും അതിന്റെ പ്രസക്തി. ഓരോ കഥാപാത്രങ്ങളുടെയും സ്വതന്ത്രമായ വ്യക്തിത്വവും പശ്ചാത്തലവുമാണ് ആ പുനർവായന സാധ്യമാക്കുന്നത്. ഗതകാലത്തിന്റെ ഗരിമയിൽ അഭിരമിക്കുന്ന നാശോന്മുഖമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്രാമീണ വേശ്യാലയവും അതിനെ നിയന്ത്രിക്കുന്ന രണ്ട് മതവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാട്ടുപ്രമാണിമാരും അവരുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി സാമുദായിക കലാപവും കൊള്ളയും കൊലയും പോലും ചെയ്യാൻ മടിക്കാത്ത ശിങ്കിടികളും ചേർന്ന വിഭിന്നമായ ഒരു ഗ്രാമീണ അന്തരീക്ഷമാണ് ഇവിടെ പത്മരാജൻ സൃഷ്ടിക്കുന്നത്. ഗ്രാമീണ സങ്കൽപ്പങ്ങളുടെ വാർപ്പ് മാതൃകളെ നിരാകരിച്ചു കൊണ്ട് നാഗരിക-ഗ്രാമീണ ധ്വന്ദങ്ങളെ തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണ്.

ഗ്രാമീണതയിലേക്ക് തിന്മയുടെ അംശങ്ങളെ സന്നിവേശിപ്പിക്കുകയും നാഗരിതയുടെ പ്രതിനിധികളായ സക്കറിയ, ഗോപി,ഹിലാൽ എന്നിവർക്ക് നന്മയുടെ മാനങ്ങളും നൽകുന്നു.
സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെ ആവിഷ്കരിക്കുന്നതിനോ ടൊപ്പം ഗാഢസൗഹൃദത്വത്തിന്റെ ഇഴയടുപ്പത്തെ കുറിച്ചുമാണ് സിനിമ പറയുന്നത്. മതം, സാമ്പത്തികം, പ്രായം തൊഴിൽ, സാമൂഹികനില തുടങ്ങിയ ഘടകങ്ങൾക്കതീതമായി നിലകൊള്ളുന്ന വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയാണ് ആത്യന്തികമായി സിനിമ ലക്ഷ്യം വെക്കുന്നത്. സക്കറിയ, ഗോപി,ഹിലാൽ എന്നീ മൂന്ന് പേരുകൾ ബോധപൂർവ്വമായ തെരഞ്ഞെടുപ്പ് ആയിരുന്നു.മമ്മൂട്ടി അവതരിപ്പിച്ച സക്കറിയ പരുക്കനും മദ്യപനുമാണ്. നെടുമുടി വേണു അവതരിപ്പിച്ച ഗോപി അൽപ്പം രസികത്വമുള്ള വക്കീലും അശോകൻ അവതരിപ്പിച്ച ഹിലാൽ പയ്യനും കന്യകനുമാണ്. വ്യത്യസ്ത സ്വഭാവ സവിശേഷതകൾക്കിടയിലും ഇവരെ ഒന്നിപ്പിക്കുന്നത് സൗഹൃദമാണ്. ഒരാൾക്ക് വേണ്ടി മരിക്കുന്നത്ര ഗാഢമായ സൗഹൃദം.
സമൂഹത്തിലെ സദാചാരത്തിനും ധാർമ്മികതയ്ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് നടിക്കുന്ന സംരക്ഷകർ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി സദാചാരത്തിനെ കൂട്ട് പിടിക്കുന്ന ഇക്കൂട്ടർ തങ്ങൾക്ക് കിട്ടേണ്ടത് കിട്ടുമ്പോൾ ധാർമ്മികതയേയും സദാചാരത്തെയും കുറിച്ച് പിന്നീട് വ്യാകുലപ്പെടാറില്ല. നാട്ടുപ്രമാണിമാരുടെ സമ്മതത്തോടെ മാളുവമ്മ എന്ന സ്ത്രീ നടത്തുന്ന വേശ്യാലയം നാട്ടുകാർക്കും അറിവുള്ളതാണ്. അവർക്കതിൽ പരാതിയുമില്ല മാത്രമല്ല മാളുവമ്മ ആദരിക്കപ്പെടുന്ന ഒരു സ്ത്രീയുമാണ്. അവിടെയെത്തുന്ന കന്യകളായ പെൺകുട്ടികളുടെ ആദ്യ അവകാശം മുസ്ലിം നേതാവായ മൂപ്പനും സിനിമയിൽ ദൃശ്യപ്പെടാതെ പരാമർശിക്കപ്പെടുക മാത്രം ചെയ്യപ്പെടുന്ന നായർ നേതാവായ പണിക്കർക്കുമാണ്. അവർക്ക് കന്യകളെ ലഭിക്കാതെ വരുമ്പോൾ മാത്രമാണ് സദാചാരത്തിന്റെ പ്രശ്നവും സാമുദായിക കലഹങ്ങളും ഉണ്ടാകുന്നത്.
പത്മരാജൻ സിനിമകളിലെ പൊതുവായ ഒരു ഘടകമാണ് സ്ത്രീകളുടെ വിശുദ്ധിയും ചാരിത്ര്യവും കന്യാകാത്വവും.
തൂവാനത്തുമ്പികളിലെ ക്ലാരയുടെ കന്യകാത്വപഹരണവും ജയകൃഷ്ണന്റെ പശ്ചാത്താപവും അത്‌ പോലെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയയുടെ ബലാൽസംഗവും ചാരിത്ര്യം നഷ്ടപ്പെട്ടിട്ടും അവളെ കയ്യേൽക്കുന്ന സോളമന്റെ ത്യാഗഭരിതമായ പൗരുഷ പ്രതികരണവും വളരെ പ്രാധാന്യത്തോടെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.അരപ്പട്ട കെട്ടിയ ഗ്രാമത്തിലും ഗൗരിക്കുട്ടിയുടെ കന്യകാത്വമാണ് സിനിമയിലെ കേന്ദ്രബിന്ദു.
അത്രയ്ക്കൊന്നും സുന്ദരിയല്ലാതിരുന്നിട്ടും ഗൗരിക്കുട്ടിക്ക് വേണ്ടി ഗ്രാമത്തിൽ കലാപസാദൃശ്യമായ സംഭവങ്ങൾ ഉണ്ടാകുന്നത് അവളുടെ കന്യകാത്വം (Virginity) എന്ന പ്രലോഭനമാണ്. ഈയൊരു വിഷയത്തിൽ പത്മരാജന്റെ വൈരുദ്ധ്യങ്ങൾ, സാമ്പ്രദായിക സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്തിന് വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമമാണോ അതോ പാരമ്പര്യ ചിന്തകളിൽ അഭിരമിക്കുന്ന ഒരാളുടെ ആകസ്മികതയാണോ എന്ന് വ്യക്തമല്ല.
വേശ്യാലയങ്ങളുടെ ക്ളീഷേ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയ ഒന്നാണ് പത്മരാജൻ ചിത്രീകരിച്ച മാളുവമ്മയുടെ വേശ്യാലയം. ലൈംഗികതയുടെ പ്രകടനപരതയോ സ്ത്രീനഗ്നതയുടെ ഒളിഞ്ഞു നോട്ടങ്ങളോ അശ്ലീലമായ പദപ്രയോഗങ്ങളോ ഇല്ലാതെ ഒരു വേശ്യാലയ സൃഷ്ടി നടത്തിയെന്നത്തിലാണ് പത്മരാജന്റെ ക്രാഫ്റ്റ് വെളിവാകുന്നത്. മാളുവമ്മയുടെ കുട്ടികളുടെ നിസ്സഹായത ചില നേരങ്ങളിലെങ്കിലും പ്രേക്ഷകരെ സ്പർശിക്കുന്നു.
ഓരോ കഥാപാത്രങ്ങളെയും വിശകലനം ചെയ്യാനുതകും വിധം ഓരോരുത്തർക്കും കൃത്യമായ ഇടം കൊടുത്തിരിക്കുന്നു. ഏറ്റവും എടുത്ത് പറയേണ്ടുന്ന കഥാപാത്രം സുകുമാരി അവതരിപ്പിച്ച മാളുവമ്മ ആണ്. പഴയ നായർ തറവാടുകളിൽ നിലനിന്നിരുന്ന മാതൃദായസമ്പ്രദായത്തിന്റെ പ്രതിനിധിയായിട്ടാണ് സിനിമയിൽ മാളുവമ്മ പ്രത്യക്ഷപ്പെടുന്നത്. ആ വീട്ടിലെ എല്ലാം മാളുവമ്മയിൽ കേന്ദ്രീകൃതമാണ്. ഭർത്താവിന് യാതൊരു അധികാരമോ ശബ്ദമോ ഇല്ല. ജഗതി അവതരിപ്പിച്ച മകനായ ഭാസിയൊടുള്ള മാളുവമ്മയുടെ സ്നേഹം പ്രകടമാണ്. ഒരു ദുരന്ത പര്യവസായിയായി അവസാനിക്കുന്ന സിനിമ കാലാതീതമായി സാമൂഹിക പ്രസക്തിയുള്ളതാണ്.
#രാമൻ.

Related Posts

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

Comments Off on കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Comments Off on വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

Comments Off on സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

Comments Off on ‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Comments Off on മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

കനകമുന്തിരികളിൽ കാതോര്ത്തു ….

Comments Off on കനകമുന്തിരികളിൽ കാതോര്ത്തു ….

ദൈവതുല്യം ഈ പത്മനാഭന്‍

Comments Off on ദൈവതുല്യം ഈ പത്മനാഭന്‍

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Comments Off on വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

ടാറ്റുക്കാരുടെ ശ്രദ്ധക്ക്

Comments Off on ടാറ്റുക്കാരുടെ ശ്രദ്ധക്ക്

Create AccountLog In Your Account%d bloggers like this: